ന്യൂഡൽഹി: “നല്ല മാര്‍ക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാല്‍ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാല്‍ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” - ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാമെന്നു കരുതിയ നാഗ്പുർ സ്വദേശിനിയായ പതിനെട്ടുകാരി ആകാംഷ അവസാനമായി എഴുതിയ വാക്കുകളാണിത്.
നീറ്റ് -യുജി പരീക്ഷ റദ്ദാക്കിയതിൽ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയ ആകാംഷയെപ്പോലുള്ള വിദ്യാർഥികളുടെ മരണത്തിൽ മൗനം പാലിച്ചുകൊണ്ടാണ് എൻടിഎ ഞായറാഴ്ച മെഡിക്കൽ പ്രവേശനത്തിനായുള്ള പുനഃപരീക്ഷ നടത്തിയത്.
മേയ് 12ന് നടന്ന ആദ്യ നീറ്റ് പരീക്ഷയ്ക്കും ഇതു റദ്ദാക്കി ജൂൺ 21ന് നടത്തിയ പുനഃപരീക്ഷയ്ക്കുമിടയിലെ 37 ദിവസത്തിനുള്ളിൽ 12ലധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായാണ് ഏകദേശ കണക്ക്. ഇതിൽ അഞ്ച് പേരുടെ ആത്മഹത്യാക്കുറിപ്പുകൾ കുടുംബാംഗങ്ങൾക്കു ലഭിച്ചിട്ടുണ്ട്.
പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികൾ ഏറെ മാനസികസമ്മർദം നേരിട്ടതായും കുടുംബാംഗങ്ങൾ കണ്ണീരോടെ പറയുന്നു. വിദ്യാർഥികളുടെ മരണകാരണം കൃത്യമായി ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരാരും അനുശോചനം പോലും രേഖപ്പെടുത്താൻ തയാറായിട്ടില്ല.
ആത്മഹത്യ ചെയ്ത വിദ്യാർഥികളിൽ അധികവും സാധാരണ കർഷക കുടുംബത്തിൽനിന്നുള്ളവരോ ദിവസവേതനത്തിനു ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളോ ആണ്. തമിഴ്നാട്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണു ജീവനൊടുക്കിയത്.
വർഷങ്ങളോളം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി മികച്ച വിജയം പ്രതീക്ഷിച്ച വിദ്യാർഥികൾക്കു മുന്നിലേക്കാണ് എൻടിഎയുടെ മാത്രം പിടിപ്പുകേടുകൊണ്ടുണ്ടായ ചോദ്യപേപ്പർ ചോർച്ച ഇടിത്തീപോലെ പതിക്കുന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കിയതും പെട്ടെന്നൊരു പുനഃപരീക്ഷയെ നേരിടേണ്ടിവന്നതുമുണ്ടാക്കിയ കടുത്ത ആശങ്കയും ഭാവിയെക്കുറിച്ചുള്ള ഭയവും സമ്മർദവുമാണ് ഈ കൗമാരക്കാരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങളും പോലീസും സാക്ഷ്യപ്പെടുത്തുന്നു.